ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാന്‍് പാലം തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ആനന്ദ് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തി.

നാഷനല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന ഗര്‍ഡറുകള്‍ തെന്നിമാറിയതാണ് പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version