ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 28 പേര്‍ മരിച്ചു. ബസ്സില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. 200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് രാവിലെ 9:30 യോടെയാണ് സംഭവം ഉണ്ടായത്.
ഗര്‍വാലില്‍ നിന്ന് കുമയൂണിലേക്ക് പോകുമ്പോള്‍ മാര്‍ച്ചുല എന്ന സ്ഥലത്തു വെച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. എസ് ഡി ആര്‍ എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദേശം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.