ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം;അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു. മലയാളിയായ ഐടി ജീവനക്കാരന്‍ അനൂപ് ജോര്‍ജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്.

ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാര്‍ ആക്രമിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് രാത്രി 9.30-യോടെ കസവനഹള്ളിയിലാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാര്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കല്ലു കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. ഇതോടെയാണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റ കുട്ടിയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ട്. തുടര്‍ന്ന് പോലീസിനെ ടാഗ് ചെയ്ത് അനൂപ് സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിന്റെ ദൃശ്യം പങ്കുവെച്ചിരുന്നു.

സംഭവത്തില്‍ പരപ്പന അഗ്രഹാര സ്വദേശിയായ മൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചില്‍ തുടരുന്നുവെന്ന് പോലീസ് അറിയിച്ചു. കാര്‍ ബൈക്കില്‍ ഉരസിയെന്നും നിര്‍ത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്റ്റിലായ ആളുടെ മൊഴി.

Exit mobile version