ന്യൂഡല്‍ഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം ദീപാവലി സമയത്ത് 4,500 സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചതായി റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ വര്‍ഷം സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.
ഈ സമയത്ത് ധാരാളം യാത്രക്കാര്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ നോര്‍ത്തേണ്‍ റെയില്‍വേയാണ് കൂടുതലായി സ്പെഷ്യല്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കുക.
3,050 പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നോര്‍ത്തേണ്‍ റെയില്‍വേ 1,082 സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ചു. ഈ വര്‍ഷം181 ശതമാനം വര്‍ദ്ധനയുണ്ടാവുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. പ്രത്യേക ട്രെയിനുകള്‍ക്ക് പുറമേ ട്രെയിനുകളില്‍ അധിക കോച്ചുകള്‍ ഏര്‍പ്പെടുത്തുമെന്നും റെയില്‍വെ അറിയിച്ചു.
Discussion about this post