മരിച്ച് പോയ മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാന്‍ അമ്മയ്ക്ക് അനുമതി

ന്യൂഡല്‍ഹി: മരിച്ച് പോയ മകന്റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാന്‍ അമ്മയ്ക്ക് അനുമതി. നാല് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ദില്ലി ഹൈക്കോടതിയുടെ തീരുമാനം. അവിവാഹിതനായിരിക്കെ മരിച്ച് പോയ മകന്റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാമെന്നാണ് കോടതി ഉത്തരവ്.

ഗുര്‍വീന്ദര്‍ സിംഗിന്റെയും ഹര്‍ബീര്‍ കൗറിന്റെയും 30 കാരനായ മകന്‍ പ്രീത് ഇന്ദര്‍ സിംഗ്, രക്താര്‍ബുദത്തിന്റെ വകഭേദമായ നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമയെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് മരിച്ചത്. മകന്റെ മരണാനന്തരം ഗംഗാ റാം ആശുപത്രിയിലെ ഫെര്‍ട്ടിലിറ്റി ലാബില്‍ സൂക്ഷിച്ചിരുന്ന മകന്റെ ബീജമുപയോഗിച്ച് പേരകുട്ടിയെ പ്രസവിക്കാന്‍ അച്ഛനും അമ്മയ്ക്കും ഹൈക്കോടതി അനുമതി നല്‍കി.

ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ആരംഭിക്കും മുമ്പ്, ചികിത്സ ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ബീജം സൂക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അവിവാഹിതയായ പ്രീത് ഇന്ദര്‍ ഇതിന് സമ്മതിച്ചു. 2020 ജൂണ്‍ 27 ന് ബീജ സാമ്പിള്‍ ശേഖരിക്കുകയും സൂക്ഷിച്ച് വയ്ക്കുകയും ചെയ്തു.

എന്നാല്‍ മകന്റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഗുര്‍വീന്ദര്‍ സിംഗും ഭാര്യ ഹര്‍ബീര്‍ കൗറും മകന്റെ ബീജത്തിനായി ഗംഗാ റാം ആശുപത്രിയിലെത്തിയെങ്കിലും ബീജം കൈമാറാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെയാണ് മകന്റെ ബീജം വിട്ട് കിട്ടാന്‍ ഇരുവരും ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, മകന്റെ ബീജ സാമ്പിള്‍ ഉപയോഗിച്ച് ജനിക്കുന്ന ഏത് കുട്ടിയെയും വളര്‍ത്തുമെന്ന് അറുപതുകളിലുള്ള ദമ്പതികള്‍ കോടതിയെ അറിയിച്ചു. അച്ഛന്റെയും അമ്മയുടെയും മരണ ശേഷം കുട്ടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുമെന്ന് അവരുടെ രണ്ട് പെണ്‍മക്കളും കോടതിയില്‍ ഉറപ്പ് നല്‍കി.

Exit mobile version