ചെന്നൈയില്‍ എയര്‍ഷോ കാണാനെത്തിയത് 13 ലക്ഷം പേര്‍, സൂര്യാഘാതമേറ്റ് അഞ്ച് പേര്‍ മരിച്ചു, 250ലേറെ പേര്‍ കുഴഞ്ഞുവീണു

ചെന്നൈ: ചെന്നൈയിലെ വ്യോമസേന എയര്‍ഷോ ദുരന്തത്തില്‍ മരണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിര്‍ജലീകരണം കാരണം 250ലേറെ പേര്‍ കുഴഞ്ഞു വീണതായും റിപ്പോര്‍ട്ടുണ്ട്.

13 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാന്‍ എത്തിയത്. ആയിരങ്ങള്‍ ഇന്നലെ രാവിലെ 8 മണി മുതല്‍ തന്നെ മറീനയില്‍ തടിച്ചുകൂടിയിരുന്നു. രാവിലെ 11 മണിയോടെ മറീന ബീച്ച് ജനസാഗരമായി.

ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ കയ്യില്‍ കുടയും വെള്ളവുമായി എത്തി. എന്നാല്‍ ആയിരങ്ങള്‍ ഒരു മുന്നൊരുക്കമില്ലാതെയാണ് എത്തിയത്. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ വന്‍വീഴ്ചയെന്ന ആക്ഷേപവും ശക്തമാണ്. സ്ഥലത്ത് കുടിവെള്ളം പോലും ലഭ്യമായിരുന്നില്ലെന്ന് പരാതിയുണ്ട്.

6500 പൊലീസുകാരും 1500 ഹോംഗാര്‍ഡുകളും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.

Exit mobile version