അഹമ്മദാബാദ്: പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട പ്രതികള്‍ പിടിയില്‍. സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ ഗുജറാത്തിലെ കുണ്ഡ്‌ലി ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായത്.
പ്രതികളുടെ ഇരുവരുടെയും സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ട്രെയിനില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. യൂട്യൂബ് വീഡിയോ കണ്ടാണ് ഇരുവരും കവര്‍ച്ച ആസൂത്രണം ചെയ്തത്. പ്രതികളായ രമേഷ്, ജയേഷ് എന്നീ രണ്ട് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായ കുറ്റമായതിനാല്‍ ബോട്ടാഡ് ജില്ലാ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും എടിഎസും വിവിധ കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തിയെന്നും പ്രതികളായ രമേശിന്റെയും ജയേഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ബോട്ടാണ്ട് പോലീസ് സൂപ്രണ്ട് കിഷോര്‍ ബലോലിയ പറഞ്ഞു.
ട്രെയിന്‍ അട്ടിമറിക്കാനായി നാല്-അഞ്ച് അടി നീളമുള്ള ഇരുമ്പ് കഷണമാണ് പാളത്തില്‍ സ്ഥാപിച്ചിരുന്നത്. വയലുകളുള്ള മേഖലയിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ട്രെയിന്‍ പാളം തെറ്റി സമീപത്തുള്ള വയലുകളിലേയ്ക്ക് വീഴുമെന്നായിരുന്നു. ഈ സമയം മുതലെടുത്ത് യാത്രക്കാരുടെ പണവും മറ്റ് സാധനങ്ങളും കൊള്ളയടിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നത്. പദ്ധതി പൊളിഞ്ഞതിന് പിന്നാലെ ഇരുവരും ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Discussion about this post