ആടിനെ മേയ്ക്കാന്‍ പോയ രണ്ട് പെണ്‍കുട്ടികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു; ദാരുണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക്ദാരുണാന്ത്യം. ലക്‌നൗ – വരാണസി റൂട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. കാസൈപൂര്‍ ഗ്രാമവാസികളായ റാണി (15), പൂനം (16) എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഛന്ദ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വെ ട്രാക്കില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ആടിനെ മേയ്ക്കാന്‍ വേണ്ടി പോയ കുട്ടികള്‍ റെയില്‍വെ ട്രാക്കിനടുത്തേക്ക് പോവുകയായിരുന്നുവെന്നും ട്രെയിന്‍ വന്നപ്പോള്‍ അപകടത്തില്‍ പെട്ടെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ച റാണി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും പൂനം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

ഛന്ദ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Exit mobile version