തമിഴ്നാട്:തീപിടിത്തത്തെ തുടര്‍ന്ന് ആപ്പിള്‍ ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്റില്‍ ഉല്‍പ്പാദനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു. ഇന്ത്യയിലെ ആപ്പിളിന്റെ ഐഫോണ്‍ വിതരണത്തെ ബാധിക്കുന്നതാണ് തീരുമാനം. കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്ത് 500 ഏക്കര്‍ സ്ഥലത്താണ് ടാറ്റ ഇലക്ട്രോണിക്സ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഐ ഫോണിന്റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന ഈ ഫാക്ടറിയില്‍ 20,000 തൊഴിലാളികള്‍ 24 മണിക്കൂറും ജോലി ചെയ്യുന്നു. ഈ ടാറ്റ പ്ലാന്റിലെ ജീവനക്കാരില്‍ 80 ശതമാനവും സ്ത്രീകളാണ്. ഐഫോണുകള്‍ക്കായുള്ള ബാക്ക് പാനലുകളും മറ്റ് ചില ഘടകങ്ങളും ആണ് ഇവിടെ നിര്‍മ്മിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ പ്ലാന്റിന്റെ പ്രധാന യൂണിറ്റില്‍ തീ പിടിക്കുകയും അതിവേഗം പടരുകയുമായിരുന്നു. പത്തിലധികം ഫയര്‍ എഞ്ചിനുകള്‍ 12 മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 400 കോടി രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. കെമിക്കല്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ചൂട് കൂടിയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.