ആഗ്ര: 7 വയസ്സുള്ളപ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്ക്, 17 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഭാഷകനായി എത്തി കേസ് വാദിച്ച് ശിക്ഷ വാങ്ങി നല്‍കി 24 കാരന്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. ഖേരാഗഡ് സ്വദേശിയായ ഹര്‍ഷ് ഗാര്‍ഗാണ് താന്‍ ഇരയായ കേസ് അഭിഭാഷകനായി എത്തി സ്വയം വാദിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയത്.
സംഭവം ഇങ്ങനെ…
2007ലാണ് സംഭവം നടക്കുന്നത്. ഖേരാഗഡില്‍ അച്ഛന്‍ നടത്തുന്ന മെഡിക്കല്‍ ഷോപ്പില്‍ ഇരിക്കുകയായിരുന്നു ഹര്‍ഷ്. (അന്ന് ഹര്‍ഷിന് പ്രായം 7). വൈകുന്നേരം ഏഴ് മണിയോടെ ഒരു സംഘം ആളുകള്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി ഹര്‍ഷിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അച്ഛന്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം വെടിയുതിര്‍ത്തു.
സംഭവത്തില്‍ ഹര്‍ഷിന്റെ അച്ഛന്റെ വലത് തോളിനാണ് വെടിയേറ്റത്. ഇതോടെ അദ്ദേഹം നിലത്തുവീണു. തുടര്‍ന്ന് ഹര്‍ഷിന്റെ ബന്ധു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഹര്‍ഷിന്റെ വീട്ടിലേക്ക് ഫോണ്‍ കോള്‍ വന്നു. കുട്ടിയെ വിട്ടു നല്‍കണമെങ്കില്‍ 55 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം.
ഹര്‍ഷിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ഹര്‍ഷുമായി സംഘം മധ്യപ്രദേശിലേക്ക് കടന്നു. ഓരോ ദിവസവും സംഘം പുതിയ സ്ഥലങ്ങള്‍ തേടി. അഞ്ച് കിലോമീറ്റര്‍ വരെ ഹര്‍ഷുമായി നടന്നു. സംഘാംഗങ്ങളില്‍പ്പെട്ടവരുടെ ഭാര്യമാരടക്കമുള്ളവരും ഇവര്‍ക്കൊപ്പം യാത്ര ചെയ്തു. മൂന്നാഴ്ചകൊണ്ട് സംഘാംഗങ്ങളുടെ പേര് വിവരങ്ങള്‍ ഹര്‍ഷ് പഠിച്ചെടുത്തു. പോയ സ്ഥലങ്ങളെക്കുറിച്ചെല്ലാം ഓര്‍ത്തുവെച്ചു.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് പോലീസ് സംയുക്തമായി കേസ് അന്വേഷിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ ശിവ്പുരിയില്‍വെച്ചാണ് ഹര്‍ഷ് പോലീസിന്റെ കൈകളിലേക്ക് എത്തുന്നത്. ശിവ്പുരിയില്‍ നിന്ന് ഹര്‍ഷുമായി മറ്റൊരു സ്ഥലത്തേയ്ക്ക് ബൈക്കില്‍ പോകുകയായിരുന്നു സംഘം. പോലീസ് വാഹനം പരിശോധിക്കുമെന്നായപ്പോള്‍ ഭയന്ന സംഘം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കുട്ടിയെ പോലീസ് രക്ഷിച്ച് ബന്ധുക്കളെ ഏല്‍പിച്ചു. സംഘാംഗങ്ങളില്‍ ഒരാളുടെ ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്ന് ഹര്‍ഷ് നല്‍കിയ വിവരം പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.