പട്ന: ടിക്കറ്റില്ലാതെ സെക്കൻഡ് എസി കംപാർട്ട്മെന്റിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ കൈകാര്യം ചെയ്ത് യുവതി. സംഭവത്തിൽ കതിഹാർ റെയിൽ വേ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് ബീഹാറിലേക്കുള്ള സീമാഞ്ചൽ എക്സ്പ്രസിലാണ് സംഭവം. സഹയാത്രികരുമായി വാക്കുതർക്കത്തിലായ യുവതിയോട് ടിടിഇ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം.
താൻ അഭിഭാഷകയാണെന്ന് പറഞ്ഞ് യുവതി ടിടിഇയോട് വാദിക്കുകയും ദേഷ്യപ്പെടുകയും നിയമം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ റെയിൽ വേ പൊലീസ് സെക്കന്റ് എസി കംപാർട്ട്മെന്റിൽ എത്തി.
അപ്പർ ബെർത്തിൽ ഇരിക്കുന്ന യുവതി വളരെ രൂക്ഷമായ രീതിയിലാണ് റെയിൽവേ പൊലീസുകാരോടും പ്രതികരിച്ചത്. പിന്നാലെ യുവതിയെ രാവിലെ കതിഹാർ സ്റ്റേഷനിൽ ഇറക്കി വിട്ടു. ഇതോടെയാണ് അസഭ്യ വർഷത്തോടെ ഇവർ ടിടിഇയെ ആക്രമിച്ചത്. ശേഷം ആൾക്കൂട്ടത്തിലേക്ക് ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.