ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും ബിജെപി സംഘടിപ്പിക്കുന്ന ‘സേവാ പര്‍വ്’ എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും.
പ്രധാനമായും ആശുപത്രികളിലും സ്കൂളുകളിലും മറ്റ് പൊതു സ്ഥലങ്ങളിലുമായിരിക്കും ഇവ സംഘടിപ്പിക്കുക. മോഡിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സേവാ പര്‍വ് രണ്ടാഴ്ച നീണ്ടുനില്‍ക്കും.
അതേസമയം, ജന്മദിനത്തോട് അനുബന്ധിച്ച് ഒഡീഷയിലെ ഭുവനേശ്വറില്‍ പിഎം ആവാസ് പദ്ധതിയിലൂടെ നിര്‍മ്മിച്ച 26 ലക്ഷം വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം നേരെ സൈനിക സ്കൂളിന് സമീപമുള്ള ചേരിയിലേയ്ക്ക് പോകും. അവിടെയുള്ള ആവാസ് പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. അവിടെ നിന്ന് അദ്ദേഹം ജനതാ മൈദാനിലേയ്ക്ക് പോകും. സുഭദ്ര യോജന പദ്ധതിയ്ക്ക് അദ്ദേഹം തുടക്കം കുറിക്കും.
വനിതകള്‍ക്ക് 5 വര്‍ഷത്തേക്ക് 50,000 രൂപ നല്കുന്ന പദ്ധതിയാണ് സുഭദ്ര യോജന. ഒഡീഷയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഭുവനേശ്വറിലും ജനതാ മൈദാനിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post