ഗുവാഹത്തി: ഒരു മാസത്തിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ സാഹചര്യത്തില്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് ഗുവാഹത്തി ഐഐടിയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണം അക്കാദമിക് സമ്മര്‍ദമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ആളിക്കത്തിയതോടെ അക്കാദമിക് ഡീന്‍ പ്രൊഫസര്‍ കണ്ടുരു വി കൃഷ്ണ രാജിവച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ 21കാരനെ ഞായറാഴ്ച രാത്രിയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്യാമ്പസില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അതിന് മുമ്പ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഗുവാഹത്തി ഐഐടിയില്‍ ഈ വര്‍ഷം നാല് വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് നീതി വേണമെന്നും അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന ചില ഫാക്കല്‍റ്റി അംഗങ്ങള്‍ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിച്ചിട്ടും ഹാജര്‍ കുറവാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്നുവെന്ന ആരോപണം ശക്തമാണ്.
Discussion about this post