ഗഡ്ചിറോളി: മഹാരാഷ്ട്രയില്‍ പനി ബാധിച്ച് മരിച്ച മക്കളുടെ മൃതദേഹം രക്ഷകര്‍ത്താക്കള്‍ 15 കിലോമീറ്റര്‍ ദൂരം ചുമന്ന് നടന്ന വാര്‍ത്ത നൊമ്പരമാവുകയാണ്. ഗച്ചിറോളി ജില്ലയിലെ അഹേരി താലൂക്കിലാണ് സംഭവം.
10 വയസില്‍ താഴെയുള്ള രണ്ട് ആണ്‍കുട്ടികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ അച്ഛനമ്മമാര്‍ ചുമന്നുകൊണ്ടുപോകുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍ പങ്കുവച്ചു. മണ്ണ് നിറഞ്ഞ വനപാതയിലൂടെ മൃതദേഹങ്ങളുമായി പോകുന്ന ദമ്പതിമാരുടെ ദൃശ്യങ്ങള്‍ ഇതിലുണ്ട്.
‘രണ്ട് കുട്ടികള്‍ക്കും പനി ബാധിച്ചെങ്കിലും കൃത്യസമയത്ത് ചികിത്സ കിട്ടിയില്ല. രണ്ട് മണിക്കൂറിനകം തന്നെ അവരുടെ നില ഗുരുതരമായി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മരിക്കുകയും ചെയ്തു.’വിജയ് വഡേത്തിവാര്‍ കുറിച്ചു. സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.