വയനാട് ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായവും വാടകയും വര്‍ദ്ധിപ്പിക്കണം; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി

വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തില്‍ അപര്യാപ്തമാണ്.

കല്‍പറ്റ: വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന അടിയന്തിര സഹായവും വാടകയും വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തില്‍ അപര്യാപ്തമാണ്. താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവര്‍ക്ക് അപര്യാപ്തമാണെന്നും അതിനാല്‍ വാടക മേപ്പാടിയില്‍ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വര്‍ധിപ്പിക്കുകയും അടിയന്തിര സഹായധനം വര്‍ദ്ധിപ്പിക്കുകയും വേണമെന്ന് കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമുള്ള വെല്ലുവിളികളെ മറികടക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണം. ദുരന്തത്തിന് ശേഷം താനും സഹോദരി പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോള്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ദുരന്ത ബാധിതര്‍ക്കുമുള്ള കേന്ദ്ര സഹായം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Exit mobile version