മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ ബസിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ചു; 9 പേരെ ഇടിച്ചിട്ടു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: മദ്യപിച്ച് ലക്കുകെട്ട് ബസില്‍ കയറിയ യാത്രക്കാരന്‍ സ്റ്റിയറിങ് വീല്‍ പിടിച്ചുതിരിച്ചു. ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഒന്‍പത് കാല്‍നട യാത്രക്കാരെ ഇടിച്ചിട്ടു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലാണ് ദാരുണ സംഭവം. കാല്‍നട യാത്രക്കാര്‍ക്ക് പുറമെ കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമെല്ലാം ബസ് ഇടിച്ചു.

ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ (ബെസ്റ്റ്) കീഴിലുള്ള ഇലക്ട്രിക് ബസാണ് ലാല്‍ബൗഗിന് സമീപം അപകടത്തില്‍ പെട്ടത്. മദ്യപിച്ച് ബസില്‍ കയറിയ ഒരാള്‍ ഡ്രൈവറുമായി തര്‍ക്കിക്കുകയായിരുന്നു. റൂട്ട് നമ്പര്‍ 66ല്‍ സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവമുണ്ടായത്.

തര്‍ക്കത്തിനിടെ ബസ് ഗണേഷ് ടാക്കീസിന് സമീപം എത്തിയപ്പോള്‍ പെട്ടെന്ന് എഴുന്നേറ്റ് ഇയാള്‍ വാഹനത്തിന്റെ സ്റ്റിയറിങില്‍ പിടിച്ചുതിരിക്കുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തില്‍ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന രണ്ട് ബൈക്കുകളെയും ഒരു കാറിനെയും ഇടിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version