ശ്രീനഗര്‍: ജമ്മുകാശ്മീരിലെ രജൗരിയില്‍ വീരമൃത്യുവരിച്ച മലയാളി മേജര്‍ ശശിധരന്‍ വി നായര്‍ക്ക് ആദരമര്‍പ്പിച്ച് സൈന്യം. ജമ്മു എയര്‍പോര്‍ട്ടില്‍ വച്ച് സൈനിക ഉദ്യോഗസ്ഥര്‍ മേജര്‍ ശശിധരന്‍ വി നായര്‍ക്ക് അന്തിമ ഉപചാരങ്ങള്‍ അര്‍പ്പിച്ചു.
2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്ന ശശിധരന്‍ വി നായര്‍ വെള്ളിയാഴ്ച നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികര്‍ അബദ്ധത്തില്‍ ഇതില്‍ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ മേജറേയും സൈനികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, മേജര്‍ ശശിധരന്‍ നായരുടെ ഭൗതിക ശരീരം പൂനെയില്‍ എത്തിച്ചു. ഭൗതിക ശരീരം ഇന്ന് പൂനെ യുദ്ധസ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം നാളെ ഒമ്പത് മണിക്ക് പൂനെയിലെ വൈകുണ്ഠം ശ്മാനത്തില്‍ നടക്കും.
ശശിധരന്‍ നായര്‍ 11 വര്‍ഷമായി സൈന്യത്തിലുണ്ട്.