നവകേരള സദസില്‍ പരാതി നല്‍കി, 18 വര്‍ഷം മുന്‍പ് മൂവാറ്റുപുഴയില്‍ നിന്ന് സ്വര്‍ണവുമായി മുങ്ങിയ യുവാവ് മുംബൈയില്‍ പിടിയില്‍

മൂവാറ്റുപുഴയിലെ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ 2006ലാണ് മോഷണം നടക്കുന്നത്.

കൊച്ചി: നവകേരള സദസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പതിനെട്ട് വര്‍ഷം മുന്‍പ് നടന്ന മോഷണ കേസിലെ പ്രതിയെ മുംബൈയില്‍ നിന്ന് സാഹസികമായി പിടികൂടി കേരള പോലീസ്. മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്ന് 2006ല്‍ സ്വര്‍ണം മോഷ്ടിച്ച മഹീന്ദ്ര ഹശ്ബ യാദവിനെയാണ് പോലീസ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊക്കിയത്. മൂവാറ്റുപുഴയിലെ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ 2006ലാണ് മോഷണം നടക്കുന്നത്.

മൂവാറ്റുപുഴ ജ്വല്ലറിയിലെ വിശ്വസ്തനായ സ്വര്‍ണപ്പണിക്കാരനായിരുന്നു മഹീന്ദ്ര. ഏറെക്കാലമായി മൂവാറ്റുപുഴയില്‍ തന്നെയായിരുന്നു താമസവും. പതിവുപോലെ ശുദ്ധീകരിക്കാന്‍ കൊണ്ടുപോയ 240 ഗ്രാം സ്വര്‍ണമാണ് മഹീന്ദ്ര കവര്‍ന്നത്. മൂവാറ്റുപുഴയിലെ ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപ വായ്പയും വാങ്ങി ഇയാള്‍ കുടുംബസമേതം മുങ്ങുകയായിരുന്നു. പഴയ വിലാസം വച്ച് ഇയാളെ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഏറ്റവുമൊടുവില്‍ നവകേരള സദസില്‍ ജ്വല്ലറി ഉടമകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് പുനരന്വേഷണം തുടങ്ങിയത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുള്‍പ്പെടെ പരിശോധിച്ച് ഇയാള്‍ മുളുണ്ടില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

പോലീസ് അന്വേഷിച്ചെത്തുമ്പോള്‍ ഇയാള്‍ മുംബൈയില്‍ അറിയപ്പെടുന്ന നാല് ജ്വല്ലറികളുടെ ഉടമയായിരുന്നു. ആഡംബര ഫ്‌ലാറ്റിലായിരുന്നു താമസം. ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിച്ച മഹീന്ദ്ര, അറസ്റ്റ് ഒഴിവാക്കണമെന്നും മോഷ്ടിച്ചതിന്റെ ഇരട്ടി സ്വര്‍ണം തിരികെ നല്‍കാമെന്നുവരെ അന്വേഷണ സംഘത്തോട് പറഞ്ഞെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത ശേഷം പൂനെ വിമാനത്താവളം വരെ ക്വട്ടേഷന്‍ സംഘങ്ങള്‍ പോലീസിനെ പിന്തുടര്‍ന്നു. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ മഹീന്ദ്രയെ റിമാന്‍ഡ് ചെയ്തു.

Exit mobile version