ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഡ്യൂട്ടിയില്‍ തിരികെ കയറാന്‍ അടിയന്തര നിര്‍ദേശം. എത്രയും വേഗം ഡ്യൂട്ടിയില്‍ തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കര്‍ശന നടപടിയെടുക്കുമെന്നുമാണ് ഡല്‍ഹി എയിംസ് അധികൃതര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചര്‍ച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളില്‍ റസിഡന്റ് ഡോക്ടഡര്‍ സമരം തുടരുകയാണ്.
കൊല്‍ക്കത്ത കൊലപാതകത്തെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്തും ശക്തമായ സമരമാണ് റസിഡന്റ് ഡോക്ടര്‍മാര്‍ തുടരുന്നത്. ഇരക്ക് നീതിയെന്ന മുദ്രാവാക്യത്തോടൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ അടിയന്തര നിയമനിര്‍മാണവുമെന്ന ആവശ്യവും ഡല്‍ഹിയില്‍ ഡോക്ടര്‍മാര്‍ ഉയര്‍ത്തിയിരുന്നു.
ഉന്നയിച്ച വിഷയങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ ഒരടി പിന്നോട്ടില്ലെന്ന് സമരക്കാര്‍ കടുപ്പിച്ചു. സുപ്രീം കോടതി ഇടപെട്ടിട്ടും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കട്ടെയെന്നായി സമരക്കാര്‍. ഇതോടെയാണ് ദില്ലി എയിംസിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് കര്‍ശന താക്കീതുമായി അധികൃതര്‍ രംഗത്തെത്തിയത്.