കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകം: 14 ഇടത്ത് മുറിവുകള്‍, ഡോക്ടര്‍ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

രക്തവും ശരീര സ്രവങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട യുവഡോക്ടറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഡോക്ടര്‍ കൊല്ലപ്പെട്ടത് അതിക്രൂര പീഡനത്തിന് ഇരയായിട്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ 14 ഇടത്ത് മുറിവുകളുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായി. തലയിലും മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്. ലൈംഗിക പീഡനത്തിനിരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. രക്തവും ശരീര സ്രവങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ആഗസ്റ്റ് 9നാണ് മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിവില്‍ പോലീസ് വളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായി. എന്നാല്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടര്‍മാരും പരാതി ഉന്നയിച്ചു.

Exit mobile version