ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എസി തലയില്‍ വീണ് 18 വയസുകാരന് മരിച്ചു. ഡല്‍ഹി ഡോറിവാലയിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുഹൃത്തിനെ കണ്ട ശേഷം തിരികെ പോകാനൊരുങ്ങി സ്കൂട്ടറില്‍ കയറി സംസാരിച്ച് നില്‍ക്കുമ്പോഴാണ് രണ്ടാം നിലയില്‍ നിന്നും എസി യൂണിറ്റിന്റെ ഒരു ഭാഗം 18കാരന്റെ തലയിലേക്ക് വീഴുന്നത്.
ഡോറിവാലന് സ്വദേശിയായ ജിതേഷ് എന്ന 18കാരനാണ് അപകടത്തില്‍ മരിച്ചത്. പരിസരത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ജിതേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.
18കാരന്റെ സുഹൃത്ത് പ്രാന്ഷുവിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി പട്ടേല്‍ നഗര്‍ സ്വദേശിയാണ് പ്രാന്‍ഷു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. 18കാരനൊപ്പം പരിക്കേറ്റ പ്രാന്‍ഷു ചികിത്സയിലാണ്.
യാത്ര പറയുന്നതിന് മുന്‍പ് സുഹൃത്തിനൊപ്പം ഒരു സെല്‍ഫി എടുക്കുന്നതിനിടയിലാണ് സ്കൂട്ടറിലിരിക്കുന്ന ജിതേഷിന്റെ തലയിലേക്ക് എസിയുടെ ഒരു ഭാഗം വന്ന് വീഴുന്നത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് ഫൊറന്‍സിക് വിഭാഗം സംഭവ സ്ഥലം പരിശോധിച്ചു.
അതേസമയം, ഭാരതീയ ന്യായ സംഹിതയിലെ 125(എ), 106 അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തി സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസ് എടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തിയതിനും മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുമാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
Discussion about this post