ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഇതേതുടര്‍ന്ന് രാജസ്ഥാന്‍, അസം, മേഘാലയ, ബീഹാര്‍ എന്നീ 4 സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടു ദിവസത്തിനിടെ ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ 32 പേര്‍ മരിച്ചതായാണ് കണക്ക്.
രാജസ്ഥാനില്‍ വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മഴയില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനായി അമര്‍നാഥ് തീര്‍ത്ഥയാത്ര താല്‍കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്.
വ്യാപകമഴയില്‍ ഹരിയാനയിലെ ചണ്ഡീഗഡിലും ഗുരുഗ്രാമിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ഗുരുഗ്രാമില്‍ നിന്നും ദില്ലിയിലേക്കുള്ള പ്രധാന പാതയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ദില്ലിയിലും കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ദില്ലിയില്‍ 3 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചിരുന്നു.