ബംഗളൂരു: ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, അര്‍ജുന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു.
ഇപ്പോള്‍ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്. ഇത് നാലെങ്കിലും ആയാല്‍ തെരച്ചില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നുമാണ് ജില്ലാ ഭരണ കൂടത്തിന്റെ പ്രതീക്ഷ. കാര്‍വാറില്‍ നിന്നുള്ള നാവിക സേനാഅംഗങ്ങള്‍ ആയിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.
ദൗത്യം പുനരാരംഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ ഇന്ന് രാവിലെ എംകെ രാഘവന്‍ എംപിയുമായി അര്‍ജുന്റെ ബന്ധുക്കള്‍ കൂടിക്കാഴ്ച നടത്തും.