ന്യൂഡൽഹി: ഡൽഹിയിലെരാജേനന്ദ്രനഗറിലുള്ള സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സ്ഥാപന ഉടമയും കോർഡിനേറ്ററും അറസ്റ്റിൽ. സംഭവത്തിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തെന്ന് ഡിസിപി എം ഹർഷവർദ്ധൻ അറിയിച്ചു.
പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്. അപകടത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഫോറൻസിക് സംഘം സ്ഥലത്തുണ്ടെന്നും ഡിസിപി അറിയിച്ചു.
ഡൽഹിയിലെ റാവൂസ് എന്ന യുപിഎസ്സി കോച്ചിങ് സെന്ററിൽ വെള്ളംകയറിയാണ് മൂന്ന് വിദ്യാർഥികൾ മരിച്ചത്. രണ്ട് പെൺകുട്ടികളും മലയാളിയായ ഒരു ആൺകുട്ടിയുമാണ് മരിച്ചത്. എറണാകുളം സ്വദേശി നവീൻ ഡെൽവിൻ (28) ആണ് മരിച്ച മലയാളി. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ഗവേഷക വിദ്യാർഥിയാണ് നവീൻ. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകർന്നതാണ് ബേസ്മെന്റിലേക്ക് വെള്ളം കയറാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
അതേസമയം, വെള്ളം കയറിയ ബേസ്മെന്റിൽ കുടുങ്ങിയ മറ്റു വിദ്യാർഥികളെ പുറത്തെത്തിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വിദ്യാർഥികൾ കോച്ചിങ് സെന്ററിന് പുറത്ത് റോഡിൽ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.
Discussion about this post