ബാംഗളുരു: കൂട്ടുകാരിയോട് പ്രണയത്തിൽ നിന്നും അകന്നു നിൽക്കാൻ ഉപദേശിച്ചതിന്റെ പകയിൽ ഇരുപത്തിനാലുകാരിയെ ഹോസ്റ്റലില്‍ കയറി കുത്തിക്കൊലപ്പെടുത്തി. യുവതിയുടെ കൂട്ടുകാരിയുടെ കാമുകനാണ് പ്രതി.
ബാംഗ്‌ളൂരിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസിലെ പ്രതി മധ്യപ്രദേശില്‍ വെച്ച് പിടിയിൽ ആയി. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെ ചൊവ്വാഴ്ച പെയിങ് ഗസ്റ്റ് ആയി താമസിക്കുന്ന സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാത്രി 11 മണിക്കാണ് പ്രതി നുഴഞ്ഞു കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സ്ഥലത്ത് എത്തിയ പ്രതി വാതിൽ മുട്ടുകയും, കൃതി വാതിൽ തുറന്ന ഉടനെ കത്തി കൊണ്ട് തുടരെ കഴുത്തിൽ കുത്തി വീഴ്ത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
യുവതിയെ ആക്രമിച്ച ഉടനെ തന്നെ പ്രതി സ്ഥലം വിട്ടിരുന്നു. പിന്നീട് ഇയാളെ പിടികൂടാനായി പോലീസ് മൂന്ന് സംഘങ്ങളെ നിയോഗിച്ചിരുന്നു.
കൃതിയുടെ റൂം മേറ്റ് ആയിരുന്ന പെണ്‍കുട്ടിയുടെ കാമുകനാണ് പ്രതി. പ്രതിയും കാമുകിയും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. തുടർന്ന് ഇയാളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ കൂട്ടുകാരിയെ കൃതി ഉപദേശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി കൃതി കുമാരിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.