ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ വീണ്ടും കേരളത്തിന് അവഗണന. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യബജറ്റിൽ കേരളത്തിന് പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവ കേരളം കേന്ദ്രത്തിന് മുന്നിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല.
ബിഹാറിനും ആന്ധ്രപ്രദേശിനും വേണ്ടി വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അനുകൂല പദ്ധതികൾ ഒന്നും ലഭിക്കാത്തതിനെ വിമർശിക്കുകയാണ് പ്രതിപക്ഷം.. ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം പോലും ഉണ്ടാകാത്തത് കേരളത്തിന് നിരാശ സമ്മാനിച്ചു.
കേരളത്തെ അവഗണിച്ചതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് പ്രതിപക്ഷത്തെ നേതാക്കൾ ‘കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിന്റെ ബജറ്റ്’ എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങൾ കൊണ്ടുപോയി. ശസ്ത്രക്രിയ വേണ്ടിടത്ത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയതെന്നു കെ സുധാകരൻ വിമർശിച്ചു.
ALSO READ- ആദായനികുതി സ്ലാബ് പരിഷ്‌കരിച്ചു; പുതിയ സ്‌കീമിലുള്ളവർക്ക് മൂന്ന് ലക്ഷം രൂപവരെ നികുതിയില്ല
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനെയും മാത്രം ആശ്രയിച്ച് നിൽക്കുന്ന സർക്കാർ ആണിതെന്ന ആരോപണത്തെ കൂടുതൽ സാധൂകരിക്കുന്ന ബജറ്റാണിതെന്നും പ്രേമചന്ദ്രൻ എംപി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താൽപര്യമാണ് ബജറ്റിന് പിന്നിലെന്നാണ് പ്രേമചന്ദ്രന്റെ ആക്ഷേപം.
അതേസമയം, കേരളത്തിൽ വികസനം വരണമെങ്കിൽ ഒരു നിതീഷ് കുമാറോ, നായിഡുവോ വേണം. മറിച്ച് സുരേഷ് ഗോപിക്കോ ജോർജ് കുര്യനോ ഒന്നും കഴിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി.