ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുക, 2047 ല്‍ വികസിത രാജ്യമാക്കുക തുടങ്ങി മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ അധിഷ്ഠിതമായ ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക.
തൊഴിലില്ലായ്മ പരിഹരിക്കുക, വിലക്കയറ്റം പിടിച്ചുനിര്‍ത്തുക തുടങ്ങിയവയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. കര്‍ഷകരോഷം തണുപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതേസമയം കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് കേരളം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനവും റെയില്‍വേ വികസനത്തിനുള്ള വിഹിതവും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും സംസ്ഥാനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഇന്നത്തെ കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.