സാങ്കേതിക തകരാർ: 192 സർവീസുകൾ റദ്ദാക്കി ഇൻഡിഗോ; റീബുക്കിംഹും റീ ഫണ്ടിംഗുമില്ല; ആശയക്കുഴപ്പത്തിൽ യാത്രക്കാർ

ന്യൂഡൽഹി: വിമാനയാത്രക്കാരെ വലച്ച് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാർ. ലോകവ്യാപകമായി വിമാന സർവീസ്, ബാങ്കിംഗ് തുടങ്ങിയ പല സേവനങ്ങളും സാങ്കേതിക പ്രശ്‌നം കാരണം നിലച്ചിരിക്കുകയാണ്. ഇതിനിടെ തങ്ങളുടെ 192 വിമാനസർവീസുകൾ റദ്ദാക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

ഫ്‌ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷൻ താത്ക്കാലികമായി യാത്രക്കാർക്ക് ലഭ്യമല്ല. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നാണ് ഇൻഡിഗോ പ്രതികരിച്ചിരിക്കുന്നത്.

റദ്ദാക്കിയ 192 വിമാനങ്ങളുടെ പട്ടികയും ഇൻഡിഗോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ നടപടിക്ക് കാലതാമസമുണ്ടായേക്കാമെന്നും ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

തങ്ങളുടെ ഡിജിറ്റൽ ടീം മൈക്രോസോഫ്റ്റുമായി ചേർന്ന് പ്രവർത്തിച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്.

also read- സ്ത്രീകൾക്ക് വിവാഹം വേണ്ടെന്ന് നടി ഭാമ; സ്വന്തം കാര്യം പറഞ്ഞാൽ മതിയെന്ന് ഒരു കൂട്ടർ; പരിഹസിച്ചും പിന്തുണച്ചും സോഷ്യൽമീഡിയ

ആകാശ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക്-ഇൻ ജോലികളും തകരാറിലായിരിക്കുകയാണ്. ഓൺലൈൻ ബുക്കിങ്, ചെക്ക്-ഇൻ, റീഫണ്ട് സേവനങ്ങൾക്കാണ് തടസ്സങ്ങൾ നേരിടുന്നത്. തുടർന്ന് മാന്വലായിട്ടുള്ള ചെക്കിൻ നടപടികളിലേക്ക് കടന്നിരിക്കുകയാണ് വിമാനക്കമ്പനികൾ.

Exit mobile version