മുംബൈ: ഗഡ്ചിറോളിയിലെ മാവോവാദികളെ ഏറ്റുമുട്ടലിലൂടെ കമാൻഡോകൾ കീഴ്‌പ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിർണായകമായ വിവരം നൽകിയ വ്യക്തിക്ക് ലക്ഷങ്ങൾ പാരിതോഷികം നൽകാനൊരുങ്ങി മഹാരാഷ്ട്ര.
മാവോവാദിവിരുദ്ധ നടപടിക്ക് സഹായകമായ വിവരം നൽകിയ ഗോത്രവർഗ ഗ്രാമവാസിക്കാണ് 86 ലക്ഷം പാരിതോഷികം മഹാരാഷ്ട്ര പോലീസ് കൈമാറുക. സുരക്ഷാകാരണങ്ങളാൽ ഈ വ്യക്തിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പണം ഉടനെ കൈമാറുമെന്ന് ഗഡ്ചിറോളിയിലെ പോലീസ് വ്യക്തമാക്കി.
മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിലെ ഗഡ്ചിറോളി ജില്ലയിലെ വണ്ടോലിയിലാണ് മാവോവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയത്. ബുധനാഴ്ച ഓപ്പറേഷനിൽ വാണ്ടഡ് ലിസ്റ്റിൽ പെട്ട പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി അംഗങ്ങളായ 12 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു.
ആറുമണിക്കൂറാണ് നീണ്ട പോരാട്ടത്തിൽ പങ്കെടുത്ത കമാൻഡോകൾക്ക് 51 ലക്ഷം രൂപ പാരിതോഷികവും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. യോഗേഷ് തുലാവി, വിശാൽ അത്റാം, പ്രമോദ് കച്ലാമി തുടങ്ങിയ മാവോവാദികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.