മുണ്ട് ഉടുത്ത കർഷകന് ജിടി മാളിൽ പ്രവേശനം വിലക്കി; പ്രതിഷേധക്കാരെത്തിയതോടെ മാപ്പ് പറച്ചിലും ആദരിക്കലും; ബംഗളൂരുവിലെ മാൾ അടച്ചുപൂട്ടും

ബംഗളൂരു: മകനൊടൊപ്പം മാളിലെത്തിയ കർഷകനായ വയോധികനെ മുണ്ട് ധരിച്ചതിന്റെ പേരിൽ അകത്തേക്ക് പ്രവേശിപ്പിക്കാതെ സ്വകാര്യ മാളിന്റെ അവഹേളനം. ബംഗളൂരുവിൽ സ്വകാര്യമാളിലാണ് ഫക്കീരപ്പ എന്ന കർഷകന് പ്രവേശനം വിലക്കിയത്. സംഭവം വിവാദമായതോടെ സർക്കാർ നടപടി സ്വീകരിച്ചിരിക്കുകയാണ്.

ഏഴ് ദിവസത്തേക്ക് മാൾ അടച്ചിടാൻ കർണാടക സർക്കാർ നിർദേശം നൽകി. മാഗഡി റോഡിലെ ജിടി വേൾഡ് മാളിലാണ് കർഷകന് പ്രവേശനം നിഷേധിച്ചത്. മകനോടൊപ്പം എത്തിയ ഫക്കീരപ്പയെ പ്രധാന കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.മുണ്ടുടുത്തവരെ മാളിൽ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് സുരക്ഷാജീവനക്കാരൻ പറയുന്നത് പുറത്തെത്തിയ വീഡിയോയിൽ വ്യക്തമാണ്.

ചൊവ്വാഴ്ച വൈകീട്ട് ആറിനായിരുന്നു ഈ സംഭവം. തുടർന്ന് ബുധനാഴ്ച രാവിലെ മാളിനുമുന്നിൽ കന്നഡസംഘടനകളുടെയും കർഷകരുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം സംഘടിപ്പിക്കപ്പെടുകയും ചെയ്തു.

ALSO READ- പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കി; ബന്ധുവായ 24 കാരന്‍ അറസ്റ്റില്‍, പോക്‌സോ കേസ്

ഫക്കീരപ്പയെയും കൊണ്ടാണ് പ്രതിഷേധക്കാരെത്തിയത്. തുടർന്ന് മാൾ അധികൃതർ കർഷകനോട് മാപ്പ് പറയുകയും അദ്ദേഹത്തെ മാളിലേക്ക് ക്ഷണിച്ച് ആദരിക്കുകയും ചെയ്തിരുന്നു. അതേസമയം, സംഭവത്തിൽ മാൾ ഉടമയ്ക്കും സെക്യൂരിറ്റി ജീവനക്കാർക്കുമെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാൾ ഏഴ് ദിവസം അടച്ചിടാൻ നിർദേശം നൽകിയതായി നഗരവികസന മന്ത്രി ബൈരതി സുരേഷ് കർണാടക നിയമസഭയെ അറിയിച്ചു.

Exit mobile version