ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാം വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.
താന്‍ നിരപരാധിയെന്ന് തെളിക്കാന്‍ കഴിയുന്ന തെളിവുകളുണ്ടെന്നാണ് പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകരായ സതീഷ് മോഹനന്‍, സുഭാഷ് ചന്ദ്രന്‍, ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്.
നിയമവിദ്യാര്‍ഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ കഴിഞ്ഞ മെയ് 20 നാണ് ഹൈക്കോടതി ശരിവെച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അസാം സ്വദേശി അമീറുള്‍ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്. ഡിഎന്‍എ അടക്കം സര്‍ക്കാര്‍ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്നും വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.