പത്ത് പേരുടെ ഒഴിവ്, ഇന്റര്‍വ്യൂന് എത്തിയത് 1800 പേര്‍; ഹോട്ടലിന്റെ കൈവരി തകര്‍ന്നു

സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നേര്‍ചിത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അഹ്‌മദാബാദ്: ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനി പത്ത് ഒഴിവുകളിലേക്ക് നടത്തിയ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയത് 1800ല്‍ അധികം പേര്‍. ഇന്റര്‍വ്യൂ നടന്ന ഹോട്ടലിലുണ്ടായ തിക്കിലും തിരക്കിലും കൈവരി തകര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നേര്‍ചിത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ജഗാഡിയയിലെ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എഞ്ചിനീയറിങ് കമ്പനി തങ്ങളുടെ സ്ഥാപനത്തിലെ പത്ത് ഒഴിവുകളിലേക്കാണ് ഓപ്പണ്‍ ഇന്റര്‍വ്യൂ നടത്തിയത്. അങ്കലേശ്വറിലെ ലോര്‍ഡ്‌സ് പ്ലാസ ഹോട്ടലിലായിരുന്നു അഭിമുഖം.

കമ്പനി അധികൃതരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 1800ല്‍ അധികം പേരാണ് ജോലി തേടി എത്തിയത്. ഇത്രയും ഉദ്യോഗാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇതോടെ തിക്കും തിരക്കുമായി.

വാതിലിന് പുറത്തെ തിരക്ക് കൂടിയപ്പോള്‍ സമീപത്തെ കൈവരികളില്‍ സമ്മര്‍ദമേറി. തകര്‍ന്ന് വീഴുന്നത് മനസിലാക്കി രണ്ട് പേര്‍ ചാടി രക്ഷപ്പെട്ടു. നിരവധി പേര്‍ കൈവരിയോടൊപ്പം താഴേക്ക് വീണു. എന്നാല്‍ നിലത്തു നിന്ന് അധികം ഉയരമില്ലാതിരുന്നതിനാല്‍ തന്നെ കാര്യമായ പരിക്കുകളുണ്ടായില്ല.

Exit mobile version