ന്യൂഡല്‍ഹി: കത്വ ഭീകരാക്രമണത്തില്‍ കനത്ത തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യ. ഇന്നലെ സ്ഥിതി വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. സംയുകത സൈനിക മേധാവിയും കരസേനാ മേധാവിയും യോഗത്തില്‍ പങ്കെടുത്തു.
പാക് അതിര്‍ത്തി ഉള്‍പ്പെടുന്ന പടിഞ്ഞാറാന്‍ മേഖലയുടെ ചുമതലയുള്ള കമാന്‍ഡറുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചര്‍ച്ചയും നടത്തി. ഭീകരര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഇതിനിടെ ജമ്മു കശ്മീര്‍ ദോഡയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരും. മൂന്ന് ഭീകരരെ ഇവിടുത്തെ വനമേഖലയില്‍ ഉണ്ടെന്നാണ് വിവരം. ഇവരാണ് കത്വവയിലടക്കം ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്വയിലെ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം എന്‍ഐഎ ഉടന്‍ ഏറ്റെടുത്തേക്കും.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കത്വയിലെ മച്ചേഡി മേഖലയില്‍ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിര്‍ത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം.