ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ പോഷകാഹാര വിവരങ്ങള്‍ വലിയ അക്ഷരങ്ങളില്‍ രേഖപ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. മൊത്തം ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കട്ടിയില്‍ വലുതാക്കി എഴുതണമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നത്തിന്റെ പോഷകമൂല്യം നന്നായി മനസിലാക്കന്‍ കഴിയണമെന്നും ഇതിലൂടെ അവരെ ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഭേദഗതി ലക്ഷ്യമിടുന്നത് എന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.
കൂടാതെ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പായ്ക്കറ്റുകളില്‍ നല്‍കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
എഫ്എസ്എസ് ആക്ട് 2006 പ്രകാരം എവിടെയും നിര്‍വചിക്കപ്പെടുകയോ മാനദണ്ഡമാക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍, ‘ഹെല്‍ത്ത് ഡ്രിങ്ക്’ എന്ന പദം നീക്കം ചെയ്യണമെന്ന് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടിരുന്നു. പുനര്‍നിര്‍മ്മിച്ച പഴച്ചാറുകളുടെ ലേബലുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും ‘100% പഴച്ചാറുകള്‍’ എന്നതും നീക്കം ചെയ്യണം.
എഫ്എസ്എസ്എഐ ചെയര്‍പേഴ്സണ്‍ അപൂര്‍വ ചന്ദ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യ അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് തീരുമാനം. 2020ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ചട്ടങ്ങളിലെ ഭേദഗതി യോഗം അംഗീകരികരിച്ചു.