ആൾദൈവത്തിന്റെ കാൽ ചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ഭക്തർ കൂട്ടമായി ഓടി, തെന്നിവീണവർക്ക് മുകളിലേക്ക് വീണ് ആയിരങ്ങൾ; ഹാഥ്‌റസിൽ 121 മരണം

ലഖ്‌നോ: യുപിയിലെ ഹാഥ്‌റസിൽ സത്സംഗിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ആൾദൈവം ഭോലെ ബാബ പ്രസംഗം കഴിഞ്ഞ് മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

ഹാഥ്‌റസിലെ സിക്കന്ദ്രറാവു പോലീസ് സ്റ്റേഷൻ പരിധിയിലെ പുൽറായ്ക്കടുത്ത് കാൺപൂർ-കൊൽക്കത്ത ഹൈവേക്ക് സമീപത്തുള്ള വയലിലായിരുന്നു പരിപാടി നടന്നത്. പ്രഭാഷണം കഴിഞ്ഞ് ബാബ മടങ്ങിയതിന് പിന്നാലെ അയാളുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ കൂട്ടമായി ഓടുകയായിരുന്നു. ഇതിനിടെ പലരും തെന്നി വീണു. ഇവർക്ക് മുകളിലേക്ക് പിന്നാലെ എത്തിയവർ കൂട്ടമായി വീണതോടെ മതചടങ്ങ് നടന്ന വയൽ കൊലക്കളമായി മാറി.


പരിപാടിയിൽ പങ്കെടുക്കാൻ 60,000 പേർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഏകദേശം രണ്ടര ലക്ഷത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തെന്നാണ് ഏകദേശ കണക്കുകൾ.

ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ പ്രഭാഷകന് കടന്നു പോകാനായി ആളുകളെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ തള്ളിമാറ്റിയതായും ആരോപണമുണ്ട്. ഇതും അപകടത്തിനിടയാക്കി.

Exit mobile version