സർവകലാശാല വൈസ് ചാൻസലർ ഇനി ‘കുലഗുരു’ എന്നറിയപ്പെടും; മാറ്റവുമായി മധ്യപ്രദേശ് സർക്കാർ

ഭോപാൽ: മധ്യപ്രദേശിൽ ഇനി മുതൽ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ‘കുലഗുരു’ എന്ന് അറിയപ്പെടും. മധ്യപ്രദേശ് മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.

വൈസ് ചാൻസലർമാരെ ‘കുലഗുരു’ എന്ന് അഭിസംബോധന ചെയ്യാനുള്ള നിർദേശത്തിന് മന്ത്രിമാരുടെ കൗൺസിൽ ഐക്യകണ്‌ഠ്യേനെ അംഗീകാരം നൽകുകയായിരുന്നു. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ ഈ തീരുമാനത്തിന്റെ പ്രാധാന്യം വർധിക്കുന്നുവെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻയാദവ് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചത്.

രാജ്യത്തിന്റെ സംസ്‌കാരവും ഗുരു പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതാണ് പേരുമാറ്റമെന്നും നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻയാദവ് പ്രതികരിച്ചു.

ALSO READ- ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീ പിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മധ്യപ്രദേശിലെ എല്ലാ സർവകലാശാലാ വൈസ് ചാൻസലർമാരും ഇനി ‘കുലഗുരു’ എന്നാണ് അറിയപ്പെടുക. മറ്റ് സംസ്ഥാനങ്ങളും ‘കുലഗുരു’ പേരുമാറ്റത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ സർക്കാറിനോട് തേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനിയുള്ള നാളുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും മാറ്റുമെന്നും മോഹൻയാദവ് പറഞ്ഞു.

Exit mobile version