ബംഗളൂരു: ഭാര്യയെ എസ്പി ഓഫീസിന് മുന്നിൽ വെച്ച് കൊലപ്പെടുത്തിയ പോലീസ് കോൺസ്റ്റബിൾ പിടിയിൽ. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. എസ്പി ഓഫിസ് പരിസരത്ത് വെച്ച് ശാന്തിഗ്രാമ സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലെ കെ ലോക്നാഥാണ് (47) ഭാര്യ മമതയെ (41) കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച ഹാസൻ ജില്ല പോലീസ് സൂപ്രണ്ട് ഓഫിസ് പരിസരത്തായിരുന്നു കൊലപാതകം. ഭർത്താവിനെതിരെ പരാതി നൽകാൻ എസ്പി ഓഫിസിൽ എത്തിയതായിരുന്നു യുവതി. ഇതേച്ചൊല്ലി സ്ഥലത്ത് വെച്ച് ഇരുവരും തർക്കത്തിലായി. തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഓടിക്കൂടിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ചേർന്ന് യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവിനെത്തുടർന്ന് മരിച്ചു. 17 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളുണ്ട്.
Discussion about this post