പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹത്തിന് ക്ഷണിക്കാനായി കുടുംബസമേതം പോയതിന്റെ വിശേഷങ്ങൾ പങ്കിട്ട് നടി വരലക്ഷ്മി ശരത്കുമാർ. നിക്കോളായ് സച്ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയിലെത്തിയതിനെ കുറിച്ചാണ് വരലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
വരലക്ഷ്മിയും നിക്കോളായിയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്. മോഡിക്ക് ഒപ്പമുള്ള ഒരു സെൽഫിയും ഇതിലുണ്ട്. നടൻ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാർക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.
പ്രധാനമന്ത്രിയെ നേരിട്ടുകാണുകയും വിവാഹം ക്ഷണിക്കാൻ സാധിച്ചതും വലിയ ബഹുമതിയായി കാണുന്നുവെന്ന് വരലക്ഷ്മി പറഞ്ഞു.’ഞങ്ങളെ വളരെ ഊഷ്മളമായി സ്വാഗതംചെയ്തതിന് നന്ദി. തിരക്കുകൾക്കിടയിലും വിലയേറിയ സമയം ഞങ്ങൾക്കായി ചെലവഴിച്ചതിന് നന്ദി. ഇതൊരു ബഹുമതി തന്നെയാണ്. ഈ കൂടിക്കാഴ്ച സാധ്യമാക്കിയതിന് അച്ഛൻ ശരത്കുമാറിനോട് നന്ദി പറയുന്നു.’ -എന്നാണ് വരലക്ഷ്മി കുറിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി നടൻ ശരത്കുമാർ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
also read- മിന്നൽപ്രളയം; സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് ദാരുണമരണം; സംഭവം ലഡാക്കിൽ
അതേസമയം, വരലക്ഷ്മിയും കുടുംബവും കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ, രജനികാന്ത്, ഐശ്വര്യ രജനികാന്ത്, അല്ലു അർജുൻ തുടങ്ങിയവരെയെല്ലാം കുടുംബസമേതമെത്തി തന്നെ വിവാഹ റിസപ്ഷന് ക്ഷണിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയാണ് നിക്കോളായ് സച്ച്ദേവ്.
Discussion about this post