ആഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഗ്രയില്‍ നടക്കുന്ന റാലിയ്ക്ക് വേണ്ടി ചേരികളെയും കുടിലികളെയും കര്‍ട്ടനിട്ട് മറച്ച് സൗന്ദര്യ വത്കരണം നടത്തുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ റാലിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പുറമ്പോക്കുകളില്‍ താമസിക്കുന്നവരുടെ ‘അഭംഗിയായ’ കുടിലുകള്‍ കര്‍ട്ടനിട്ട് മറയ്ക്കുകയായിരുന്നു.
റാലി കടന്നുപോകുന്നത് വരെ തിരശ്ശീലയ്ക്ക് ഉള്ളില്‍ തന്നെ ഇരിക്കണമെന്നും പുറത്തിറങ്ങരുതെന്നും ഇവിടുത്തെ ദരിദ്ര വിഭാഗങ്ങളോട് മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ ആവശ്യപ്പെട്ടതായും ആരോപണം ഉയരുന്നുണ്ട്. മോഡി പോയ ശേഷം അധികൃതര്‍ തന്നെ വന്ന് കുടിലിനെ മറച്ചിട്ട തിരശീല കൊണ്ടുപോയി. മോഡിയുടെ സന്ദര്‍ശനം അവസാനിക്കും വരെ കര്ട്ടന് കിടക്കട്ടെയെന്നും മോഡി വന്നു പോയതിന് ശേഷം കര്ട്ടന് കോര്പ്പറേഷന് തന്നെ വന്ന് നീക്കിത്തരാമെന്നും പറഞ്ഞിരുന്നു. പറഞ്ഞതുപോലെ തന്നെ ഇവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ സോളാപൂരില്‍ പല അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ആഗ്രയില്‍ എത്തിയത്. ഇവിടെ അനേകരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള ‘ഗംഗാജല്‍ പദ്ധതി’ക്ക് വേണ്ടിയായിരുന്നു വന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മോഡി ആഗ്രയില്‍ റാലി നടത്തിയത്. ആഗ്രാനിവാസികള്ക്കും ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്കും ഗുണകരമാകുന്ന വിധം ജലവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഗംഗാജല്‍. ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളും പദ്ധതിയുടെ ഭാഗമാണ്.
Discussion about this post