ന്യൂഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചയാളുടെ ഇരുപത് ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മൂന്നുലക്ഷം രൂപ വീതവും നൽകും.
വിമാനത്താവളത്തിലെ അപകടസ്ഥലം സന്ദർശിച്ച ശേഷം വ്യോമയാനവകുപ്പു മന്ത്രി രാം മോഹൻ നായിഡു കിഞ്ചാരാപുവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണത്.
കാറുകൾക്ക് മുകളിലേക്ക് മേൽക്കൂര പതിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലും രാജ്യത്തെ മറ്റ് വിമാനത്തവളങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി പ്രതികരിച്ചു.
അപകടത്തിന് വഴിതെളിച്ച സാങ്കേതിക കാരണങ്ങൾ അന്വേഷണത്തിന് ശേഷമേ കണ്ടെത്താനാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി മോഡി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് അപകടമുണ്ടായത് എന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് മറ്റൊരു കെട്ടിടമായിരുന്നു എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
Discussion about this post