ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. അപകടത്തിൽ ഒരു മരണം. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേരാണ് മരണമടഞ്ഞതെന്ന് പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ ടാക്‌സി ഡ്രൈവറാണ്.
#WATCH | Latest visuals from Terminal-1 of Delhi airport, where a roof collapsed amid heavy rainfall, leaving 6 people injured pic.twitter.com/KzxvkVHRGG
— ANI (@ANI) June 28, 2024
വെള്ളിയാഴ്ച രാവിലെയാണ് ടെർമിനൽ ഒന്നിലെ മേൽക്കൂരയുടെ ഒരു ഭാഗം വാഹനങ്ങൾക്ക് മുകളിലേക്ക് പതിച്ചത്. രാവിലെ ഉണ്ടായ കനത്ത മഴയിലാണ് അപകടം. പുലർച്ചെ അഞ്ചുമണിയോടെ നടന്ന സംഭവത്തിൽ ടാക്സി കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടെർമിനലിന്റെ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
ഇതേത്തുടർന്ന് ടെർമിനൽ 1-ൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്. ടെർമിനൽ 1-ൽ നടക്കേണ്ടിയിരുന്ന ചെക്ക് ഇൻ ഉൾപ്പടെയുള്ശ നടപടികൾ ടെർമിനൽ 2, 3 എന്നിവിടങ്ങളിലേക്ക് മാറ്റി. സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇൻ കൗണ്ടറുകൾ അടച്ചതെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
വിമാനത്താവളത്തിന്റെ മേൽക്കൂരയിലെ ഷീറ്റും സപ്പോർട്ട് ബീമുകളും തകർന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയുമായി പെയ്ത കനത്ത മഴയിൽ ഡൽഹിയുടെ പലഭാഗങ്ങളും വെള്ളക്കെട്ടിലാണ്.
Discussion about this post