തണുത്ത പ്രഭാതഭക്ഷണം വിളമ്പിയ റെസ്റ്റോറന്റിന് 7000 രൂപ പിഴയിട്ടു

റസ്റ്റോറന്റിന് ജൂണ്‍ 19 -ന് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്.

ഉടുപ്പി: തണുത്ത പ്രഭാതഭക്ഷണം നല്‍കിയ റെസ്റ്റോറന്റിന് 7000 രൂപ പിഴയിട്ടു. ബംഗളൂരുവിലെ ഉഡുപ്പി ഗാര്‍ഡന്‍ റെസ്റ്റോറന്റിനാണ് ചൂടുള്ള പ്രഭാതഭക്ഷണം നല്കാന്‍ വിസമ്മതിച്ചതിന് പിഴയിട്ടിരിക്കുന്നത്. റസ്റ്റോറന്റിന് ജൂണ്‍ 19 -ന് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്.

കൊരമംഗലയില്‍ നിന്നുള്ള താഹറ എന്ന 56 -കാരിയുടെ പരാതിയിലാണ് നടപടി. 2022 ജൂലായ് 30 -ന് കുടുംബത്തോടൊപ്പം ഹാസനിലേക്ക് പോകുമ്പോഴാണ് പ്രഭാതഭക്ഷണം കഴിക്കാനായി ഇവര്‍ റെസ്റ്റോറന്റില്‍ കയറിയത്.

അവര്‍ക്ക് നല്‍കിയ ഭക്ഷണം തണുത്തതായിരുന്നു എന്നും ഫ്രഷ് ആയിരുന്നില്ല എന്നും പരാതിയില്‍ പറയുന്നു. പിന്നാലെ, ഇതേച്ചൊല്ലി പരാതി പറയുകയും ചൂടുള്ള ഭക്ഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, റെസ്റ്റോറന്റ് ചൂടുള്ള ഭക്ഷണം നല്‍കാന്‍ തയ്യാറായില്ല.

തനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നും അതിനാല്‍ ഭക്ഷണം കഴിക്കാനോ, അതിനുശേഷം കഴിക്കേണ്ടുന്ന ഗുളിക കഴിക്കാനോ സാധിച്ചില്ല എന്നും താഹറയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന്, കമ്മിഷന്‍ പ്രസിഡന്റ് ബി. നാരായണപ്പപ്പ റസ്റ്റോറന്റിന് 5000 രൂപ പിഴ ചുമത്തി. വ്യവഹാരച്ചെലവുകളുടെ പേരില്‍ അദ്ദേഹം ഭക്ഷണശാലയ്ക്ക് 2,000 രൂപ വേറെയും പിഴ ചുമത്തി.

Exit mobile version