ചെന്നൈ: കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 കടന്നു.നിരവധി പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. സാധാരണക്കാരും ദിവസവേതനക്കാരുമാണ് മദ്യദുരന്തത്തിന് ഇരയായത്.
ഇതിനിടെ, ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചിരിക്കുകയാണ് നടൻ വിജയ്. ഈ വർഷത്തെ തന്റെ ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് വിജയ് അഭ്യർത്ഥിച്ചതായും ഈ തുക കൊണ്ട് ദുരന്തത്തിന് ഇരയായവരെ സഹായിക്കണമെന്നും അഭ്യർഥിച്ചതായി തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി എൻ ആനന്ദ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് താരം ആശൂപത്രിയിൽ എത്തി ദുരന്തത്തിന് ഇരയായവരേയും കുടുംബാംഗങ്ങളേയും സന്ദർശിച്ചത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് താരം ചോദിച്ചറിയുന്നതിൻരെ വീഡിയോയും പുറത്തെത്തിയിരുന്നു.
സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്ന് എക്സിലൂടെ താരം വിമർശിക്കുകയും ചെയ്തു. തന്റെ പാർട്ടിയുടെ ഒഫീഷ്യൽ അക്കൗണ്ടിലാണ് വിജയ് സർക്കാറിനെ വിമർശിച്ചത്.
നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ലെന്നും താരം പറയുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് നടൻ സൂര്യയും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്ന് സൂര്യ പറഞ്ഞു.
ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണ്. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്ന് സൂര്യ വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചു.
Discussion about this post