ബംഗളൂരു: കന്നഡ സിനിമാതാരം ദർശനും സുഹൃത്ത് പവിത്ര ഗൗഡയും പ്രതികളായ കേസിൽ പോലീസിന്റെ അന്വേഷണറിപ്പോർട്ട് പുറത്ത്. പവിത്രയ്ക്ക് എതിരെ മോശം കമന്റിട്ടെന്ന പോരിൽ ദർശനും കൂട്ടാളികളുമാണ് രേണുകാസ്വാമി(33) എന്ന യുവാവിനെ കൊലപ്പെടുത്തിയത്. ക്രൂരമായി മർദ്ദിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
നടൻ ദർശനും കൂട്ടാളികളും ചിത്രദുർഗ സ്വദേശിയായ യുവാവിനെ ഫാം ഹൗസിലെ ഷെഡ്ഡിലെത്തിച്ച് ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നു. ദർശന്റെ സുഹൃത്തുക്കളും വാടകയ്‌ക്കെടുത്ത കൊലയാളികളും ചേർന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതും ക്രൂരമായി പീഡിപ്പിച്ചതും. കേസിൽ ദർശനും സുഹൃത്തായ നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തിരിക്കുന്നത്.
കൊലനടന്നദിവസം ദർശൻ ധരിച്ച ചെരിപ്പും വസ്ത്രങ്ങളും തെളിവുകളായി പോലീസ് കണ്ടെടുത്തു. ദർശൻ ഈ ചെരിപ്പിട്ട് രേണുകാസ്വാമിയെ മർദിക്കുന്നതിനിടെ ചവിട്ടിയതെന്ന് പോലീസ് പറഞ്ഞു. രേണുകാസ്വാമിയെ പ്രതികൾ വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മർദിച്ചു. കെട്ടിയിട്ടായിരുന്നു ഉപദ്രവം തുടർന്നത്. പിന്നാലെ യുവാവിനെ ഷോക്കേൽപ്പിച്ചതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകർന്നിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.
ജൂൺ ഒമ്പതാം തീയതി ബംഗളൂരുവിലെ ഒരു അഴുക്കുചാലിൽനിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുഖത്തിന്റെ പാതിഭാഗം നായ്ക്കൾ ഭക്ഷിച്ചനിലയിലായിരുന്നു. ഒരു ചെവിയും മൃതദേഹത്തിൽ കാണാനില്ലായിരുന്നു.
രേണുകാസ്വാമി കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ 30 ലക്ഷംരൂപ നൽകിയതായി ദർശൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മറ്റൊരു പ്രതിയായ പ്രദോഷിന്റെ വീട്ടിൽനിന്ന് ഈ പണം പോലീസ് കണ്ടെടുത്തു. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദർശൻ കൂട്ടാളികൾക്ക് കൊടുക്കാനായി പണം നൽകിയതെന്നും പോലീസ് പറഞ്ഞു.