നീറ്റ് ചോദ്യപേപ്പർ തലേദിവസം തന്നെ കൈയ്യിൽ കിട്ടി; നൽകിയത് 40 ലക്ഷം രൂപ; ചോദ്യപേപ്പർ ചോർച്ച വെളിപ്പെടുത്തി വിദ്യാർഥി

പട്‌ന: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിസിയുടെ ചോദ്യപേപ്പർ ചോർന്നത് സ്ഥിരീകരിച്ച് പോലീസ് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ മൊഴി. അനുരാഗ് യാദവ്, നിതിഷ് കുമാർ, അമിത് ആനന്ദ്, സിഖന്ദർ യാദവേന്ദു എന്നിവരാണ് ബിഹാറിൽ നിന്നും അറസ്റ്റിലായത്. ഇവരാണ് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയത്. പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ ലഭിച്ചതായാണ് പരീക്ഷ എഴുതിയ കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് തന്റെ ബന്ധുവഴി മേയ് നാലിന് തന്നെ ചോദ്യപേപ്പർ ലഭിച്ചെന്നാണ് അനുരാഗ് യാദവ് പോലീസിനോട് പറഞ്ഞത്. എൻജിനിയറിങ് വിദ്യാർഥിയായ സിഖന്ദർ യാദവേന്ദുവാണ് തനിക്ക് ചോദ്യപേപ്പർ നൽകിയത്. ഈ ചോദ്യങ്ങളുടെ ഉത്തരം തലേന്ന് രാത്രി മനഃപാഠമാക്കിയാണ് പരീക്ഷയ്‌ക്കെത്തിയത്.

പിന്നീട് പരീക്ഷയ്ക്ക് അതേ ചോദ്യങ്ങൾ പരീക്ഷ ചോദ്യപേപ്പറിലും കണ്ടു. എന്നാൽ, പരീക്ഷ കഴിഞ്ഞതിന് പിന്നാലെ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അനുരാഗ് പറയുന്നു. അതേസമയം, പിടിയിലായ നിതീഷ് കുമാറും അമിതും ചേർന്ന് നീറ്റ് ചോദ്യപേപ്പർ ചോർത്താനാകുമെന്ന് തന്നോട് പറഞ്ഞതെന്നാണ് യാദവേന്ദുവിന്റെ മൊഴി.

ALSO READ- മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

ചോദ്യപേപ്പർ ആവശ്യമുള്ള നാലുപേർ തന്റെ പരിചയത്തിലുണ്ടായിരുന്നു. അമിത് ആനന്ദും താനും ചേർന്ന് മേയ് നാലിന് മത്സരാർഥികൾക്ക് ചോദ്യപേപ്പർ നൽകി. പ്രതിഫലമായി 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യാദവേന്ദു പറഞ്ഞു. സംഭവത്തിൽ 13 പേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഒമ്പത് വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്.

Exit mobile version