ചെന്നൈ: സുഹൃത്തുക്കൾ നൽകിയ ബിരിയാണി സഹോദരൻ വീട്ടിലിരുന്നു കഴിച്ചതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ വിദ്യാർഥി ജീവനൊടുക്കി. ബക്രീദ് ദിനത്തിൽ സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങളായ തരീസും ഗോകുലും തമ്മിൽ തർക്കമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
പ്ലസ് വൺ വിദ്യാർഥിയായ തരീസ് (16)ആണ് ജീവനൊടുക്കിയത്. ചെന്നൈ താംബരത്താണ് സംഭവം. ഇവരുടെ വീട്ടിൽ തരീസ് ഉൾപ്പടെയുള്ളവർ മാംസാഹാരം കഴിക്കാറില്ല, സസ്യാഹാരം പാകം ചെയ്യുന്നതാണ് പതിവ്.
ഇതിനിടെയാണ് ബക്രീദ് ദിനത്തിൽ സുഹൃത്തുക്കൾ നൽകിയ ചിക്കൻ ബിരിയാണി ഇളയ സഹോദരനായ ഗോകുൽ വീട്ടിൽ കൊണ്ടുവന്ന് കഴിച്ചത്. ഇതിൽ മനംനൊന്ത തരീസ് തർക്കത്തിലേർപ്പെടുകയായിരുന്നു. ബിരിയാണി വീട്ടിലിരുന്ന കഴിക്കരുതെന്ന് പറഞ്ഞിട്ടും ഗോകുൽ ഇത് അവഗണിച്ച് ബിരിയാണി കഴിക്കൽ തുടരുകയായിരുന്നു.
ഗോകുൽ അനുസരിക്കാത്തതിൽ പ്രകോപിതനായ തരീസ്, തന്റെ മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. പിന്നീടാണ് വിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. താംബരം പോലീസെത്തി മൃതദേഹം ക്രോംപെട്ട് ആശുപത്രിയിലേക്ക് മാറ്റി. കുവൈറ്റിൽ ജോലി ചെയ്യുന്ന ബാബുവിന്റെ മക്കളാണ് തരീസും ഗോകുലും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)