ചെന്നൈ: തമിഴ്‌നാട്ടിലെ ബസന്ത്‌നഗറിൽ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന 24കാരന്റെ ജീവനെടുത്ത് എംപിയുടെ മകൾ ഓടിച്ച ആംഡംബരകാർ. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ എംപി ബീദ മസ്താൻ റാവുവിന്റെ മകൾ മാധുരിയാണ് കാർ ഓടിച്ചുകയറ്റി യുവാവിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. സൂര്യ എന്ന യുവാവാണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ മാധുരി സ്ഥലത്തുനിന്നും കടന്നുകളഞ്ഞിരുന്നു. പിന്നീട് സൂര്യയെ കൊലപ്പെടുത്തിയവരെ പിടികൂടണമെന്ന ആവശ്യം ശക്തമായതോടെയാണ് പോലീസ് സിസിടിവി പരിശോധിച്ച് പ്രതിയായ മാധുരിയെ പിടികൂടിയത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും യുതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
രാജ്യസഭാ എംപിയുടെ മകളായ മാധുരിയും സുഹൃത്തായ യുവതിയും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാറാണ് ചെന്നൈ ബസന്ത് നഗറിലെ നടപ്പാതയിൽ കിടന്നുറങ്ങിയ 24-കാരനുമേൽ കയറിയിറങ്ങിയത്. മാധുരി സ്ഥലംവിട്ടതോടെ കാറിലുണ്ടായിരുന്ന സുഹൃത്ത് അപകടം കണ്ട് തടിച്ചുകൂടിയവരുമായി തർക്കിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രദേശവാസികൾ ചേർന്ന് 24കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ നടപടിയെടുക്കാതെ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രദേശവാസികൾ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. പൂനെയിൽ 17കാരൻ ഓടിച്ച കാറിടിച്ച് രണ്ട് യുവഎഞ്ചിനീയർമാർ കൊലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽമാറും മുൻപാണ് വീണ്ടും സമാനമായ അപകടം സംഭവിച്ചിരിക്കുന്നത്.
മാധുരി ഓടിച്ചിരുന്നത് ബിഎംആർ (ബീദ മസ്താൻ റാവു) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതുച്ചേരി രജിസ്ട്രേഷനുള്ള കാർ എന്നാണ് വിവരം. സമുദ്രോത്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എംപിയുടെ ബിഎംആർ ഗ്രൂപ്പ്.
Discussion about this post