ചെന്നൈ: ഏറെ നാൾ അച്ഛൻ ശുചീകരണത്തൊഴിലാളിയായി ജോലിചെയ്തിരുന്ന മുനിസിപ്പൽ ഓഫീസിലേക്ക് നിരവധി പ്രതിസന്ധികൾ മറികടന്ന് മകൾ ഉന്നത ഉദ്യോഗസ്ഥയായി എത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള ഈ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ചെന്നൈ മന്നാർകുടി സ്വദേശി ദുർഗയാണ് തന്റെ കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും മറ്റ് പ്രതിസന്ധികൾക്കുമെല്ലാം മറുപടി പറഞ്ഞ് കഠിനധ്വാനം കൊണ്ട് ഉയർന്ന തസ്തികയിൽ ജോലി നേടിയത്. ബിഎസ്സി പഠനം പൂർത്തിയാക്കിയ ദുർഗയ്ക്ക് ഒരു സർക്കാർ ജോലി നേടണമെന്ന് മാതാപിതാക്കൾ ഏറെ ആഗ്രഹിച്ചിരുന്നു. ഒടുവിൽ അത് നേടിയെടുക്കുമ്പോൾ തന്റെ ഈ നേട്ടം നേരിൽ കാണാൻ അച്ഛനുണ്ടായില്ലെന്ന ദുഃഖം മാത്രമാണ് ദുർഗയ്ക്കുള്ളത്. ആറുമാസം മുമ്പ് ഒരു വാഹനാപകടത്തിൽ ദുർഗയുടെ അച്ഛൻ ശേഖർ മരണപ്പെടുകയായിരുന്നു.
തന്റെ അച്ഛന്റെ വിയോഗത്തിനിടയിലും ജീവിതത്തോട് പോരാടി പഠിച്ച് അച്ഛൻ ആഗ്രഹിച്ച ജോലി തന്നെ സമ്പാദിക്കുകയായിരുന്നു ദുർഗ. മന്നാർകുടി മുനിസിപ്പാലിറ്റിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയായിരുന്നു ശേഖർ. ശേഖറിന്റെയും സെൽവിയുടെയും ഏകമകളാണ് ദുർഗ. സാമ്പത്തികമായുള്ള പരാധീനതയ്ക്കിടയിലും ഇരുവരും ദുർഗയെ നന്നായി പഠിപ്പിച്ചു.
ALSO READ-പെരുന്നാള്‍ ആഘോഷിക്കാന്‍ സൗദിയില്‍ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു
തന്റെ മേലധികാരികളെപ്പോലെ മകൾക്കും ഒരു ഓഫീസ് ജോലി വേണമെന്നായിരുന്നു ശേഖർ ആഗ്രഹിച്ചിരുന്നത്. പിന്നീട് ഈ സ്വപ്‌ന സാക്ഷാത്കാരത്തിനായി ദുർഗ തമിഴ്‌നാട് പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്തു. പിന്നീട് താലൂക്ക് ഓഫീസിൽ താത്കാലിക ജീവനക്കാരനായ നിർമൽ കുമാറുമായി ദുർഗയുടെ വിവാഹവും നടന്നു. ശേഷം ദുർഗ 2016-ലാണ് ആദ്യമായി പിഎസ്സ. പരീക്ഷ എഴുതിയത്. ഗ്രൂപ്പ് രണ്ട് പരീക്ഷയിൽ ദുർഗയ്ക്ക് പരാജയമായിരുന്നു വിധി. എന്നാൽ തോൽക്കാൻ തയ്യാറാകാതെ ദുർഗ നിരന്തരം പഠനം തുടർന്നു.പിന്നീട് ഗ്രൂപ്പ് നാല് പരീക്ഷയിൽ എഴുതിയെങ്കിലും പരാജയപ്പെട്ടു.
കുടുംബജീവിതത്തിലും തിരക്കേറിയതോടെ ഇടയ്ക്ക് പഠനം മുടങ്ങിയെങ്കിലും ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായില്ല. കുഞ്ഞുങ്ങളെ വളർത്തുന്ന തിരക്കിനിടയിലും പഠനം തുടർന്നു. സമയം കിട്ടിയപ്പോഴൊക്കെ പരീക്ഷയ്ക്കായി പഠിച്ചു. 2022-ൽ ഗ്രൂപ്പ് രണ്ട് പ്രിലിമിനറി പരീക്ഷയും കഴിഞ്ഞ വർഷം മെയിൻ പരീക്ഷയും ജയിക്കാനായി. തുടർന്ന് ഇപ്പേഴിതാ അച്ഛൻ ജോലിചെയ്ത മുനിസിപ്പാലിറ്റിയിൽ കമ്മിഷണറായി നിയമിതയാവുകയും ചെയ്തിരിക്കുകയാണ് ദുർഗ.