‘പപ്പാ, വേഗം മടങ്ങിവരൂ, അതിന് ശേഷം ജോലിക്ക് പോകാം’ ; സൈനികനായിരുന്ന അച്ഛന്‍ മരിച്ചതറിയാതെ എന്നും മെസ്സേജ് അയക്കുന്ന മകന്‍!

സൈനികനായിരുന്ന കേണല്‍ മന്‍പ്രീത് സിംഗിന്റെ നമ്പറിലേക്കാണ് കബീര്‍ എന്ന മകന്‍ ഇപ്പോഴും നിരന്തരം ശബ്ദ സന്ദേശം അയച്ചുകൊണ്ടിരിക്കുന്നത്.

അനന്ത്നാഗ്: സൈനികനായിരുന്ന അച്ഛന്‍ മരിച്ചതറിയാതെ ഇപ്പോഴും അച്ഛന്റെ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ് ഏഴുവയസ്സുകാരനായ മകന്‍. സൈനികനായിരുന്ന കേണല്‍ മന്‍പ്രീത് സിംഗിന്റെ നമ്പറിലേക്കാണ് കബീര്‍ എന്ന മകന്‍ ഇപ്പോഴും നിരന്തരം ശബ്ദ സന്ദേശം അയച്ചുകൊണ്ടിരിക്കുന്നത്.

അച്ഛന്‍ ഒരിക്കലും മടങ്ങിവരില്ലെന്ന സത്യം കബീറിന് മനസ്സിലായിട്ടില്ല. പാപ്പാ ബസ് ഏക് ബാര്‍ ആ ജാവോ, ഫിര്‍ മിഷന്‍ പെ ചലേ ജാനാ (പപ്പാ, ദയവായി മടങ്ങിവരൂ, അതിന് ശേഷം ജോലിക്ക് പോകാം) കബീര്‍ ശബ്ദ സന്ദേശം അയച്ചു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13നാണ് ഗദൂല്‍ ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങളില്‍ ഭീകരരുമായുണ്ടായ വെടിവെപ്പില്‍ കേണല്‍ സിംഗ് വീരമൃത്യു വരിച്ചത്. മന്‍പ്രീത് സിംഗിനെ കൂടാതെ, മേജര്‍ ആഷിഷ് ധോഞ്ചക്, ജെ-കെ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹ്യൂമ്യൂണ്‍ ഭട്ട്, ശിപായി പര്‍ദീപ് സിംഗ് എന്നിവരും വീരമൃത്യു വരിച്ചു.

ഏറെ ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു മന്‍പ്രീത് സിംഗെന്ന് ഭാര്യയും നാട്ടുകാരും പറയുന്നു. മന്‍പ്രീത് രണ്ട് ചിനാര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചതും അവരുടെ മക്കളായ കബീറിന്റെയും വാണിയുടെയും പേരിട്ടതും ഭാര്യ ജഗ്മീത് ഓര്‍മിക്കുന്നു. ഈ മരങ്ങള്‍ വീണ്ടും കാണാന്‍ ഞങ്ങള്‍ 10 വര്‍ഷത്തിന് ശേഷം മടങ്ങിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹം കൂടെയില്ലെന്നും അക്കാര്യം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും ഭാര്യ പറഞ്ഞു. അതേസമയം, അച്ഛന്‍ ഇനി മടങ്ങി വരില്ലെന്ന് മക്കളെ പറഞ്ഞു മനസ്സിലാക്കുന്നതിലെ വിഷമം അവര്‍ സംസാരിച്ചു.

Exit mobile version