ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍, ഡോക്ടറുടെ പരാതിയില്‍ കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

എഫ്എസ്എസ്എഐ യാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്.

മുംബൈ: ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എഫ്എസ്എസ്എഐ യാണ് ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയന്‍ ഓഫീസില്‍ നിന്നുള്ള സംഘം ഐസ്‌ക്രീം കമ്പനിയില്‍ പരിശോധന നടത്തിയ ശേഷമാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത യമ്മോ എന്ന കമ്പനിയുടെ കോണ്‍ ഐസ്‌ക്രീമില്‍ നിന്നാണ് മനുഷ്യ വിരല്‍ കണ്ടെത്തിയത്. സംഭവത്തില്‍ 26കാരനായ ഡോക്ടറാണ് പരാതി നല്‍കിയത്. ഡോക്ടര്‍ക്കായി സഹോദരി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്നാണ് വിരലിന്റെ ഭാഗം ലഭിച്ചത്. മൂന്ന് കോണ്‍ ഐസ്‌ക്രീമാണ് ഓര്‍ഡര്‍ ചെയ്തത്.

ബട്ടര്‍ സ്‌കോച്ച് ഐസ്‌ക്രീം കഴിച്ചുതുടങ്ങിയപ്പോഴാണ് വായില്‍ എന്തോ അസാധാരണമായി തടഞ്ഞത്. പിന്നാലെ ഡോക്ടര്‍ മലാഡ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൂനെയിലെ ഇന്ദാപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസ്‌ക്രീം കമ്പനിക്ക് കേന്ദ്ര ലൈസന്‍സ് ഉണ്ട്. കൂടുതല്‍ അന്വേഷണത്തിനായി എഫ്എസ്എസ്എഐ നിര്‍മാണ കമ്പനിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടികളെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version